ചെന്നൈ: ഐപിഎൽ 2026-ൽ ആദ്യ മൂന്ന് മത്സരങ്ങളിലെ നിരാശക്ക് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസൺെറ തകർപ്പൻ സെഞ്ചുറി. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ഡൽഹിക്കെതിരെ ചെന്നൈ സൂപ്പർ കിങ്സ് 212 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. ഡൽഹിയുടെ വിജയലക്ഷ്യം 213 റൺസാണ്.
തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട സഞ്ജു, രണ്ടാം ഓവറിൽ തന്നെ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. നാലാം ഓവർ അവസാനിക്കുമ്പോൾ 12 പന്തിൽ നിന്ന് 30 റൺസെടുത്തത് സഞ്ജുവായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസെന്ന ശക്തമായ നിലയിലായിരുന്നു ചെന്നൈ. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 15 റൺസെടുത്ത് പുറത്തായെങ്കിലും സഞ്ജു പിഴച്ചുകൊടുക്കാൻ തയ്യാറായിരുന്നില്ല.
രണ്ടാം വിക്കറ്റിൽ ആയുഷ് മാതെയുമായി ചേർന്ന് സഞ്ജു സ്കോർ ഉയർത്തി. വെറും 26 പന്തിൽ സഞ്ജു അർദ്ധസെഞ്ചുറി പൂർത്തിയാക്കി. അർദ്ധസെഞ്ചുറിക്ക് ശേഷം കൂടുതൽ അപകടകാരിയായ സഞ്ജു, ഡൽഹി ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. 11-ാം ഓവറിൽ ടീം സ്കോർ 100 കടന്നു. 16 ഓവർ പിന്നിടുമ്പോൾ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിലായിരുന്നു. മത്സരത്തിന്റെ 18-ാം ഓവറിൽ സഞ്ജു തന്റെ സ്വപ്നതുല്യമായ സെഞ്ചുറി 52 പന്തുകളിൽ പൂർത്തിയാക്കി. മറുവശത്ത് 36 പന്തിൽ 59 റൺസെടുത്ത ആയുഷ് മാതെ റിട്ടയേർഡ് ഔട്ടായി മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെയും സഞ്ജുവും ചേർന്ന് തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 200 കടന്നു. സഞ്ജു 115 റൺസുമായും ദുബെ 20 റൺസുമായും പുറത്താകാതെ നിന്നു. ചെന്നൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി.