കൊല്ലം: ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് സഹോദരങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരെയാണ് കൊല്ലം റെയിൽവേ പൊലീസ് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് രണ്ട് പെട്ടികളിലായാണ് പ്രതികൾ സൂക്ഷിച്ചിരുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കൊല്ലം റെയിൽവേ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായാണ് ഈ പരിശോധന സംഘടിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് എവിടേക്കാണ് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും, ഈ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.