ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മുത്തശ്ശി അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുത്തശ്ശി തന്നെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയായ മാണിക്കത്തിനെതിരെയാണ് അതിക്രമം സംബന്ധിച്ച ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്ന കുട്ടി, പിന്നീട് വയറുവേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് കുട്ടിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കുട്ടി തനിക്കുണ്ടായ ദുരനുഭവം മുത്തശ്ശിയോട് വിശദമായി പറയുകയായിരുന്നു. കൊച്ചുമകളോട് ക്രൂരത കാട്ടിയെന്ന വിവരം അറിഞ്ഞതോടെ പ്രകോപിതയായ മുത്തശ്ശി ആയുധവുമായി യുവാവിനെ തേടിയിറങ്ങുകയായിരുന്നു.
കുളിത്തലൈ ദേവദാനം പ്രദേശത്ത് നിൽക്കുകയായിരുന്ന മാണിക്കത്തെ കണ്ടെത്തിയ മുത്തശ്ശി, കൈവശമുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവിന്റെ ശരീരത്തിൽ പത്തോളം മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് ശേഷം മാണിക്കത്തെ പിടികൂടി വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും യുവാവിനെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മാണിക്കം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.