തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 93.70 ശതമാനം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് തിരുവനന്തപുരം, വിജയവാഡ മേഖലകളാണ്. ഈ മേഖലകളിൽ 99.79 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ പാസായി. ചെന്നൈ മേഖലയിൽ 99.58 ശതമാനവും ബംഗളൂരു മേഖലയിൽ 98.91 ശതമാനവുമാണ് വിജയശതമാനം. ഡൽഹി വെസ്റ്റ് (97.45%), ഡൽഹി ഈസ്റ്റ് (97.33%) എന്നിങ്ങനെയാണ് മറ്റു പ്രധാന ഫലങ്ങൾ. പെൺകുട്ടികളുടെ വിജയശതമാനം 94.99 ശതമാനമായിരിക്കെ, ആൺകുട്ടികൾ 92.69 ശതമാനം വിജയം നേടി.
ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയിൽ ഏകദേശം 25 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മെയ് 15-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട പരീക്ഷകൾക്ക് മുന്നോടിയായാണ് ആദ്യഘട്ട ഫലങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചത്.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, ഉമംഗ് (UMANG) ആപ്പ് വഴിയും ഫലം ലഭ്യമാകും. മൊബൈലിൽ ഫലം അറിയാൻ, 7738299899 എന്ന നമ്പരിലേക്ക് cbse10 <റോൾ നമ്പർ> <ജനനത്തീയതി> <സ്കൂൾ നമ്പർ> <സെന്റർ നമ്പർ> എന്ന ഫോർമാറ്റിൽ എസ്എംഎസ് അയക്കാം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കർ അക്കൗണ്ട് മുൻകൂട്ടി തയ്യാറാക്കിവെക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. APAAR ID ഇല്ലാത്ത വിദ്യാർത്ഥികൾ പുതിയ അക്കൗണ്ട് ഉണ്ടാക്കണം. APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഡിജിലോക്കറിലെ ‘Issued Documents’ എന്ന വിഭാഗത്തിൽ ലഭ്യമാകും.