കേരളം: കാൽപന്തിന്റെ ആവേശമുയർത്തി ലോകമാമാങ്കം എത്തുമ്പോൾ ഫുട്ബോൾ ആരാധകർക്കായി തത്സമയ പ്രദർശനമൊരുക്കി ഈഗിൾസ് എഫ്സി. 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലെയും മാഹിയിലെയും പൊതുജനങ്ങൾക്ക് തത്സമയം കാണാൻ അവസരമൊരുക്കുന്നതിനായി ഈഗിൾസ് എഫ്സി പ്രത്യേക ക്രമീകരണങ്ങൾ പൂർത്തിയാക്കി. ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സി ടിവിയിൽ നിന്ന് മേത്തർ ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിൾസ് എഫ്സി ഇതിനായുള്ള ഔദ്യോഗിക ലൈസൻസ് കരസ്ഥമാക്കിയാണ് പൊതുജന പ്രദർശനം യാഥാർഥ്യമാക്കുന്നത്.
ലോകകപ്പിന്റെ ആവേശം അതിന്റെ പാരമ്യത്തിലെത്തുന്ന സെമി ഫൈനൽ, തേഡ് പ്ലേസ് പ്ലേയോഫ്, ഫൈനൽ മത്സരങ്ങൾ എന്നിവ ബിഗ് എൽ.ഇ.ഡി സ്ക്രീനുകളിൽ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിൾസ് എഫ്സി ഔദ്യോഗിക ഫാൻ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷം ഫാൻ പാർക്കുകളിൽ ലഭ്യമാക്കുന്നതിനൊപ്പം, വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരള ഫുട്ബോൾ അസോസിയേഷന്റെയും വിവിധ ജില്ലാ ഫുട്ബോൾ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബോൾ ആവേശത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ മാത്രം മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം, വണ്ടൂർ എന്നിവിടങ്ങളിൽ ഏഴ് ഔദ്യോഗിക ഫാൻ പാർക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ തുടങ്ങി സംസ്ഥാനത്തുടനീളം സജീവമായ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.