കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കോരയങ്ങാട് സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. കോരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
യൂട്യൂബ് വീഡിയോ കണ്ട് അനുകരിക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. സ്റ്റീൽ പാത്രത്തിനുള്ളിൽ ‘ഗുണ്ട്’ വെച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റീൽ പാത്രം തകരുകയും അതിന്റെ ചില്ലുകൾ അദ്വൈതിന്റെ ശരീരത്തിൽ തുളച്ചുകയറുകയും ചെയ്തു. നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്.
അപകടം സംഭവിക്കുമ്പോൾ അദ്വൈതിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സ നൽകിയതായും പോലീസ് അറിയിച്ചു. വിഷു ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്.