കൊച്ചി: ഐ.എസ്.എൽ പോരാട്ടത്തിൽ തകർപ്പൻ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂർ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട സീസണിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കിയത്. കൊച്ചിയിലെ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ മലയാളികളുടെ സ്വന്തം താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനായി വിജയമൊരുക്കിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. മലയാളി താരങ്ങളായ നിഹാൽ സുധീഷും വിപിൻ മനോഹരനും നേടിയ ഗോളുകളാണ് കൊമ്പന്മാർക്ക് കരുത്തായത്. ഈ വിജയത്തോടെ നടപ്പ് സീസണിലെ തങ്ങളുടെ ആദ്യ ‘ഹോം ഗ്രൗണ്ട്’ ജയമെന്ന നേട്ടവും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ലഭിച്ച ഈ ജയം ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ വലിയ ആശ്വാസമാണ് നൽകുന്നത്. ഈ വിജയത്തോടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഉയർന്നു. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും ആറ് തോൽവിയുമാണ് ടീമിനുള്ളത്. നിലവിൽ ആകെ 8 പോയിന്റാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു എഫ്.സിക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ്, തോൽവികളില്ലാത്ത മൂന്നാം മത്സരം പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇനി വരും മത്സരങ്ങളെ നേരിടാനൊരുങ്ങുന്നത്.