ബെർഗാമോ: ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോയിലുള്ള മാതാ സാഹിബ് കൗർ ജി ഗുരുദ്വാരയ്ക്ക് സമീപമാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ സംഭവം നടന്നത്. വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ ദുരന്തമുണ്ടായത്.
കൊല്ലപ്പെട്ട രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവർക്ക് നേരെ ഒരു വാഹനത്തിലെത്തിയ അക്രമി ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വാഹനത്തിൽ രക്ഷപ്പെട്ടു. മറ്റൊരാൾ അക്രമി സംഘത്തിലുണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിൽ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്രമിയെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് പോലീസ്. ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുകയാണ്. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.