കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ് മോഡലുകളും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കെ, ഈ മേഖലയിലേക്ക് കിയ മോട്ടോഴ്സും എത്തുന്നു. ടൊയോട്ട, മാരുതി, ഹോണ്ട തുടങ്ങിയ കമ്പനികൾ ഇതിനോടകം ഹൈബ്രിഡ് വിപണിയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിന് കനത്ത വെല്ലുവിളിയുയർത്തിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ ഹൈബ്രിഡ് മോഡലുകളുമായി രംഗപ്രവേശം ചെയ്യുന്നത്.
2030-ഓടെ പത്ത് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കിയയുടെ ലക്ഷ്യം. ഇതിൽ എട്ടെണ്ണവും ഇലക്ട്രിക് (Electrified) ആയിരിക്കും. ഇതിന്റെ ഭാഗമായി സോറന്റോ, കാർണിവൽ എന്നീ ജനപ്രിയ മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. മിഡ്-സൈസ് എസ്യുവി ശ്രേണിയിൽ സെൽറ്റോസിന് മുകളിലായിരിക്കും സോറന്റോയുടെ സ്ഥാനം. 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഹൈബ്രിഡ് സംവിധാനത്തോടെയായിരിക്കും ഇത് എത്തുക. മഹീന്ദ്ര XUV 7OO പോലുള്ള വാഹനങ്ങളായിരിക്കും പ്രധാന എതിരാളികൾ. ഇന്ത്യൻ എംപിവി വിപണിയിലെ ആഡംബര വാഹനമായ കാർണിവൽ ഇനി ഹൈബ്രിഡ് കരുത്തോടെയും ലഭ്യമാകും. 1.6 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഹൈബ്രിഡ് സിസ്റ്റവും ഇതിലുണ്ടാകും. യുഎസ് സ്പെക്ക് മോഡലുകൾക്ക് 272 എച്ച്പി പവറും 367 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
ഇലക്ട്രിക് വാഹന നിരയിലേക്ക് ‘സിറോസ്’ (Syros EV) എന്ന പുതിയ മോഡലും ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയയുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയോടെയാകും സിറോസ് എത്തുക. കാരൻസിനും ക്ലവിസിനും താഴെയായിരിക്കും ഇതിന്റെ സ്ഥാനം. 42 മുതൽ 49 kWh വരെ ശേഷിയുള്ള ബാറ്ററി പാക്കിൽ 350 കിലോമീറ്ററിന് മുകളിൽ റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് വിപണികളിൽ ഒരുപോലെ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന കിയയുടെ ഈ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.