കൊച്ചി: സ്കോഡ കൊഡിയാക്, ഫോക്സ്വാഗൺ ടെയ്റോൺ, ടിഗ്വാൻ തുടങ്ങിയ മോഡലുകൾക്ക് വെല്ലുവിളിയായി ഹോണ്ട തങ്ങളുടെ പുതിയ എസ്യുവിയായ ZR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 48 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ പ്രീമിയം മോഡൽ, ഇന്ത്യയിലെ കരുത്തരായ എസ്യുവികളുടെ നിരയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് എത്തുന്നത്. ഒറ്റ വേരിയന്റിലാണ് ഉപഭോക്താക്കൾക്ക് ഈ വാഹനം ലഭ്യമാകുക.
ഈ സെഗ്മെന്റിലെ ഏറ്റവും വലിയ പ്രത്യേകതയായ സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ സാങ്കേതികവിദ്യയാണ് ഹോണ്ട ZR-V-യുടെ കരുത്ത്. 2.5 ലിറ്റർ നാല് സിലിണ്ടർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനൊപ്പം രണ്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുകളും ഇതിൽ പ്രവർത്തിക്കുന്നു. 184 എച്ച്പി കരുത്തും 315 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. വെറും 7.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 172 കിലോമീറ്ററാണ്. മികച്ച പ്രകടനത്തിനൊപ്പം 22.8 കിലോമീറ്റർ ഇന്ധനക്ഷമതയും വാഹനം വാഗ്ദാനം ചെയ്യുന്നു.
ഡിസൈനിലെ സവിശേഷതകൾ കൊണ്ട് എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ക്രോസ്ഓവർ ലുക്കാണ് ഹോണ്ട ZR-V-ക്ക് നൽകിയിരിക്കുന്നത്. എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ സ്ലിം എൽഇഡി ഹെഡ്ലാമ്പുകൾ, ആകർഷകമായ ഗ്രിൽ, ബമ്പറിന്റെ വശങ്ങളിലെ ഫങ്ഷണൽ എയർ വെന്റുകൾ എന്നിവ മുൻവശത്തെ മനോഹരമാക്കുന്നു. വാഹനത്തിന്റെ വശങ്ങളിൽ വൃത്താകൃതിയിലുള്ള പ്രതലങ്ങളും വീൽ ആർച്ചുകളിൽ നിറമുള്ള ക്ലാഡിംഗും 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും നൽകിയിട്ടുണ്ട്. പിൻഭാഗത്തെ ക്ലിയർ-ലെൻസ് ടെയിൽ-ലാമ്പുകൾ, റൂഫ്-മൗണ്ടഡ് സ്പോയിലർ, ഡ്യുവൽ-എക്സ്ഹോസ്റ്റ് ടിപ്പുകൾ എന്നിവ വാഹനത്തിന് സ്പോർട്ടിയായ രൂപം നൽകുന്നു. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, മെറ്റിയറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും.