മടിക്കേരി: ഹണിമൂൺ യാത്രകൾക്കായി ദൂരസ്ഥലങ്ങൾ അല്ലാത്തതും പ്രകൃതിഭംഗി നിറഞ്ഞതുമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തേടുന്നവർക്ക് ഏറ്റവും മികച്ച ചോയിസാണ് കൂർഗ്. കാപ്പിത്തോട്ടങ്ങളാലും മൂടൽമഞ്ഞ് പുതച്ച മലനിരകളാലും ചുറ്റപ്പെട്ട ഈ ഹിൽ സ്റ്റേഷൻ ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ എന്നാണ് അറിയപ്പെടുന്നത്. കർണാടകയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൂർഗ് അഥവാ കൊടഗ്, സഞ്ചാരികളുടെ ഇഷ്ടഭൂമിയാണ്. ഈ ജില്ലയുടെ ആസ്ഥാനം മടിക്കേരിയാണ്. കാസർകോട് ജില്ലയിലെ പാണത്തൂർ, കല്ലപ്പള്ളി, കോടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന കൂർഗിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. എങ്കിലും, ശൈത്യകാലത്തുള്ള യാത്രകളാണ് കൂടുതൽ സുഖപ്രദം.
പ്രകൃതിദൃശ്യങ്ങളുടെ കലവറയായ കൂർഗിൽ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. അബ്ബി, ഇരുപ്പു, ബൈലക്കുപ്പെ, മല്ലള്ളി വെള്ളച്ചാട്ടങ്ങൾ, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നൽക്നാട് കൊട്ടാരം, ഭാഗമണ്ഡല, ടിബറ്റൻ ആരാധനാലയമായ ഗോൾഡൻ ടെംപിൾ, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി, കാവേരി നിസർഗധാമ, ഹൊന്നമനകരെ, നാഗർഹോളെ നാഷണൽ പാർക്ക്, ബന്ദിപ്പൂർ നാഷണൽ പാർക്ക് തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇടങ്ങളാണ്. ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഒത്തിണങ്ങുന്ന ഈ കേന്ദ്രങ്ങൾ സന്ദർശകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ കൂർഗിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാണ്. റെയിൽ മാർഗം യാത്ര ചെയ്യുന്നവർക്ക് മൈസൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ബെംഗളൂരു, ഹാസൻ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കൂർഗിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര ആസ്വദിക്കാൻ ടാക്സി സൗകര്യങ്ങളും വിനിയോഗിക്കാവുന്നതാണ്. ബെംഗളൂരു, മംഗലാപുരം വിമാനത്താവളങ്ങളാണ് കൂർഗിന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ഇവിടെ നിന്നെല്ലാം ബസ്, ടാക്സി മാർഗങ്ങളിലൂടെ സുഗമമായി മടിക്കേരിയിൽ എത്തിച്ചേരാം.