തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എഐ (AI) അപ്ഗ്രഡേഷനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്ന് മെറ്റ വ്യക്തമാക്കി. സാങ്കേതിക തകരാര്‍ പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചതായും മെറ്റാ അധികൃതര്‍ കേരള പൊലീസിന്റെ സൈബര്‍ വിഭാഗത്തെ അറിയിച്ചു.
ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തത് ആരുടെയും നിര്‍ദേശപ്രകാരമല്ലെന്ന് മെറ്റയുടെ ഇന്ത്യന്‍ നോഡല്‍ ഓഫീസര്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.
മാധ്യമ സ്ഥാപനങ്ങളുടേതടക്കമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന് വിഭാഗം മെറ്റയോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സാങ്കേതിക പിഴവ് പരിഹരിച്ച സാഹചര്യത്തില്‍ നീക്കം ചെയ്ത പോസ്റ്റുകള്‍ തിരിച്ചെത്തിയതായി മെറ്റ അറിയിച്ചു.