ഗുരുവായൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ അല്ലെങ്കിൽ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടക്കുക. കേരളത്തിൽ ജൂലൈ ഒന്നു മുതൽ 30 വരെയാണ് ഈ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെ പൂർത്തിയാകും. ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ ഹൗസ് ലിസ്റ്റിങ് ബ്ലോക്കിലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ നടപ്പിലാക്കുന്നത്.
സെൽഫ് എന്യൂമറേഷനായി se.census.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ശേഷം വിവരങ്ങൾ നൽകാം. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ ഇതിനായി നൽകേണ്ടതില്ല. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് ചെയ്യാം. വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ ‘എച്ച്’ (H) എന്നു തുടങ്ങുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി ലഭിക്കും. ഏകദേശം 15 മുതൽ 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.