ദുബായ്: വിദ്യാർഥികൾക്കായി വിമാന നിരക്കുകളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്സ്. 16 നും 31 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ടിക്കറ്റ് നിരക്കിൽ കിഴിവും അധിക യാത്രാ ആനുകൂല്യങ്ങളും ലഭ്യമാവുക. ഉയർന്ന പഠനത്തിനായി വിദേശത്തേക്ക് പോകുന്നവർക്കും മറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.
‘സ്റ്റുഡൻ്റ്’ (STUDENT) എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് 2027 മാർച്ച് 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് രേഖപ്പെടുത്തണം. യാത്രക്കാർ വിമാനത്താവളത്തിലെ ചെക്ക്-ഇൻ സമയത്ത് സാധുവായ വിദ്യാർത്ഥി ഐഡി കാർഡോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതുണ്ട്.
ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളിൽ 5 ശതമാനം വരെയും ഇളവ് ലഭ്യമാണ്. യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകൾ ഒഴികെയുള്ള സെക്ടറുകളിൽ വിദ്യാർഥികൾക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും ഒരു അധിക ബാഗേജും സൗജന്യമായി കൊണ്ടുപോകാം. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി തങ്ങളുടെ വെബ്സൈറ്റിലും ആപ്പ് പ്ലാറ്റ്ഫോമുകളിലും ക്രിപ്റ്റോകറൻസികൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്കും എമിറേറ്റ്സ് അടുത്തിടെ സൗകര്യം ഒരുക്കിയിരുന്നു.