ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ വെച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഹരിദ്വാറിൽ നിന്ന് ഇൻഡോറിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു ബസ് കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്ന സാഹചര്യത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.