ദുബായ്: റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടും മുൻപേ രണ്ട് കോടിയിലധികം (20 മില്യൺ+) യൂട്യൂബ് കാഴ്ചക്കാരെ സ്വന്തമാക്കി മലയാളി ഗായികയും ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡ്സ് ജേതാവുമായ സുചേത സതീഷിന്റെ പുതിയ ഹിന്ദി സംഗീത ആൽബം ‘ഹയാതി’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഡോസ് മ്യൂസിക് (DOSS Music) പുറത്തിറക്കിയ ഈ ഗാനത്തിൽ പ്രശസ്ത ഗായകൻ സിക്കന്ദർ മാൻ സുചേതയ്ക്കൊപ്പം പങ്കുചേരുന്നു. കെ. പി. സന്ധു സംഗീതം നൽകിയ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ അഹ്വാൻ കുമാർ, സാബി സൂരി എന്നിവർ അഭിനയിച്ചിട്ടുണ്ട്.
മാതൃഭാഷ മലയാളമായിരുന്നിട്ടും ഹിന്ദി ഒരു സ്വദേശിയെപ്പോലെ അനായാസമായ ഉച്ചാരണശുദ്ധിയോടെ ആലപിച്ച സുചേതയുടെ പ്രകടനം സംഗീതാസ്വാദകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗാനത്തിലെ ഭാവതീവ്രതയും ശബ്ദമാധുര്യവും ‘ഹയാതി’യെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയത്തിലേറ്റാൻ കാരണമായി. സംഗീതവും ദൃശ്യഭംഗിയും ഒത്തിണങ്ങിയ അവതരണരീതി ഈ ആൽബത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും ഏറെ ജനപ്രിയമാക്കി മാറ്റിയിരിക്കുകയാണ്.
നേരത്തെ 155 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ലോകശ്രദ്ധ നേടിയ സുചേത സതീഷ്, ഓരോ ഭാഷയുടെയും തനിമയും ഉച്ചാരണശുദ്ധിയും കൃത്യമായി നിലനിർത്തുന്നതിലൂടെ നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഹൃദയസ്പർശിയായ സംഗീതം, മികച്ച ദൃശ്യാവിഷ്കാരം, ഗായകരുടെ ഹൃദ്യമായ ആലാപനം എന്നിവയുടെ സമന്വയമാണ് ‘ഹയാതി’യെ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ടതാക്കിയത്. റിലീസിന് പിന്നാലെ തന്നെ 20 മില്യൺ കാഴ്ചക്കാരെ പിന്നിട്ട ഈ നേട്ടം സുചേതയുടെ സംഗീതജീവിതത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.