ടെക്നോളജി ഡെസ്ക്: പോക്കോ തങ്ങളുടെ എം-സീരീസ് സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ പവർ സീരീസ് മോഡലുകളെ കൂടി അവതരിപ്പിച്ചു. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന എം8 പ്രോ, എം8 എസ് എന്നീ മോഡലുകളാണ് പോക്കോ വിപണിയിലെത്തിച്ചിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളാണിത്. 2032 വരെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റുകൾ ലഭ്യമാകുമെന്നതും ഈ മോഡലുകളുടെ പ്രധാന ആകർഷണമാണ്.
6.99 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. 2396 × 1080 റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് റെസ്പോൺസ് റേറ്റും നൽകുന്ന മികച്ച ദൃശ്യാനുഭവം ഇതിലുണ്ട്. അമോലെഡ് പാനലിന് സംരക്ഷണം നൽകാനായി ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ബ്ലൂടൂത്ത് 5.1, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഡിയോ ജാക്ക് ഇതിൽ ലഭ്യമാക്കിയിട്ടില്ല.
ഏറ്റവും ശ്രദ്ധേയമായ 8,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 45 വാട്ട് ഫാസ്റ്റ് വയർഡ് ചാർജിംഗും ഇതിൽ പിന്തുണയ്ക്കുന്നുണ്ട്. മാറ്റ് ഫിനിഷുള്ളതും വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുള്ളതുമായ ഈ ഫോൺ ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളിൽ വിപണിയിൽ ലഭിക്കും. ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്കാർട്ട് വഴി ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം. 6 ജിബി റാം പതിപ്പിന് 24,999 രൂപയും, 8 ജിബി റാം പതിപ്പിന് 27,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.