കേരളം: മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഇക്കോയ്ക്ക് പുതിയ സ്റ്റാർ എഡിഷൻ ആക്സസറി പാക്കേജ് പുറത്തിറങ്ങി. വാഹനത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനായി എക്സ്റ്റീരിയറിലും ഇന്റീരിയറിലുമായി 18 പുതിയ ഫീച്ചറുകളാണ് ഇതിലുള്ളത്. എൻജിൻ കരുത്തിലോ സാങ്കേതിക ഫീച്ചറുകളിലോ മാറ്റമില്ലാതെ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുകയാണ് ലക്ഷ്യം. ആകർഷകമായ ഓഫറാണ് ഈ പാക്കേജിന്റെ പ്രധാന സവിശേഷത. 37,000 രൂപ വിലയുണ്ടായിരുന്ന ആക്സസറി കിറ്റ് ഇപ്പോൾ 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡീലർ തലത്തിൽ ഘടിപ്പിക്കാവുന്ന ഈ ഓപ്ഷണൽ പാക്കേജ് അഞ്ച് സീറ്റർ എസി, അഞ്ച് സീറ്റർ എസി സിഎൻജി എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. എക്സ്-ഷോറൂം വിലയ്ക്ക് പുറമെയാണിത് ഈടാക്കുക.
പുറംഭാഗത്ത് റിയർ സ്പോയിലർ, ക്രോം ഗാർണിഷോട് കൂടിയ ഫോഗ് ലാമ്പുകൾ, ആകർഷകമായ വീൽ കവറുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, പ്രത്യേക ക്രോം ബാഡ്ജിംഗ് എന്നിവ സ്റ്റാർ എഡിഷൻ പാക്കേജിൽ ഉൾപ്പെടുന്നു. ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്പി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയുമുണ്ട്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയാണ് ഇക്കോയുടെ പ്രധാന ആകർഷണം. വാഹനത്തിന്റെ അടിസ്ഥാന വില 5.18 ലക്ഷം രൂപ മുതൽ 6.36 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). പുതിയ സ്റ്റാർ എഡിഷൻ പാക്കേജ് കൂടി ഉൾപ്പെടുത്തുമ്പോൾ എൻട്രി വേരിയന്റിന്റെ വില ഏകദേശം 5.21 ലക്ഷം രൂപയിൽ ആരംഭിക്കും. റീക്ലൈനിംഗ് ഫ്രണ്ട് സീറ്റുകളും എയർ ഫിൽട്ടറുമുള്ള ഇക്കോയുടെ ഈ പരിഷ്കരിച്ച രൂപം കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.