കൊച്ചി: ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നായ ‘മധുരം വെപ്പ്’ പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘മധുരം വെപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് കൂടോത്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ഇടുക്കിയാണ്. ആക്റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി വൈറ്റിലയിലെ ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും, സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പ് നൽകി. ചടങ്ങിൽ എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീന മൈക്കിൾ, ലത ദാസ് എന്നിവർ ആശംസകൾ നേർന്നു. ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തിന്റെ തലേന്ന് നടക്കുന്ന ആഘോഷ വേളയിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹച്ചെക്കന്റെ അറുപിശുക്കനായ പിതാവിന്റെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട കൗശലപ്രയോഗങ്ങളും, അത് വഴി പുറത്തുവരുന്ന നിഗൂഢ സത്യങ്ങളുമെല്ലാം ചേർന്ന് ഒരു ഹ്യൂമർ ത്രില്ലർ ശൈലിയിലാണ് ചിത്രം ഒരുങ്ങുന്നത്. ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. വിനായക് ശശികുമാർ ഗാനരചനയും ജയ്സൺ ജോൺ സംഗീത സംവിധാനവും നിർവഹിക്കുന്നു. ജിസ്മിൻ സെബാസ്റ്റ്യൻ ഛായാഗ്രഹണവും ജ്യോതിഷ് കുമാർ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാജീവ് കോവിലകമാണ്. ജൂൺ 12 മുതൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ കൊരട്ടി, അങ്കമാലി എന്നിവിടങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പിആർഒ: വാഴൂർ ജോസ്.