തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടത്തി.
മുംബൈയിലും ദുബായിലും പരസ്യചിത്ര രംഗത്ത് സജീവമായിരുന്ന സജി നായർ, വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന്റെ ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാകുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ പല ശ്രദ്ധേയമായ സൃഷ്ടികൾക്ക് പിന്നിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’, ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത ‘അരയാക്കടവിൽ’, ‘ബീരൻ’, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഒരേ ഉടൽ’, പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്ററി ‘അന്യർ’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകൾക്ക് സജി നായർ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.