ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ആക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പങ്കുവെച്ച അഞ്ഞൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡല്‍ഹി പോലീസ് മരവിപ്പിച്ചു. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വിവാദ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരുന്നത്. ക്രിമിനല്‍ ഭീഷണി, പൊതുജന ശല്യം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എക്സ് (ട്വിറ്റര്‍) ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആക്ഷേപകരമോ അപകീര്‍ത്തികരമോ ആയ ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം തടയണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ച ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.