പൊന്മുടി: നവദമ്പതികൾക്ക് കുറഞ്ഞ ബജറ്റിൽ തെരഞ്ഞെടുക്കാവുന്ന മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് പൊന്മുടി. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുമ്പോൾ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി പരസ്പരം അടുത്തറിയാൻ പറ്റിയ ശാന്തമായ അന്തരീക്ഷമാണ് ഈ ഹിൽ സ്റ്റേഷൻ ഒരുക്കുന്നത്. ദൂരമോ യാത്രയുടെ ചെലവോ അല്ല, മറിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ പങ്കുവെക്കുന്ന സ്വകാര്യ നിമിഷങ്ങൾക്കാണ് ഇത്തരം യാത്രകളിൽ പ്രാധാന്യം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി വിനോദസഞ്ചാര കേന്ദ്രം കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു നൽകും.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുക്കാവുന്ന ഒരു റോഡ് യാത്രയാണ് പൊന്മുടിയിലേക്കുള്ളത്. യാത്രാമധ്യേയുള്ള പ്രധാന ഇടത്താവളമാണ് കല്ലാർ. പൊന്മുടിയുടെ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് സമതലങ്ങളിലേക്ക് ഒഴുകുന്ന കല്ലാറിന്റെ തീരം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. റോഡരികിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകർഷണമാണ്. കല്ലാറിന്റെ തീരം ചേർന്നുള്ള നടപ്പാതയിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ച് പുഴ മുറിച്ചുകടന്നാൽ ഈ വെള്ളച്ചാട്ടത്തിന്റെ അരികിലെത്താം.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒട്ടേറെ കാഴ്ചകളാണ് പൊന്മുടി വാഗ്ദാനം ചെയ്യുന്നത്. റോഡിലെ തിരക്കുകളിൽ നിന്ന് കാടിന്റെ ശാന്തതയിലേക്ക് നീങ്ങിയാൽ അപൂർവ്വമായ കാട്ടുപൂക്കളെയും വർണ്ണാഭമായ ചിത്രശലഭങ്ങളെയും നേരിൽ കാണാം. വൈകുന്നേരങ്ങളിൽ മലനിരകളെ പുതയ്ക്കുന്ന മൂടൽമഞ്ഞ് പൊന്മുടിയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. വിനോദസഞ്ചാരികൾക്കായി ഇവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ്. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊന്മുടിയിലേക്ക് കെഎസ്ആർടിസി ബസുകളിലും ടാക്സി വാഹനങ്ങളിലും എളുപ്പത്തിൽ എത്തിച്ചേരാനാകും.