കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവ്. സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന ഈ പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശനും നടൻ പ്രഭു ഗണേശനും ലിസിക്കൊപ്പം അണിനിരക്കുന്നുണ്ട്.
ഓഫ് വൈറ്റും മജന്തയും ചേർന്ന നിറങ്ങളിലുള്ള കാഞ്ചീവരം സാരിയണിഞ്ഞാണ് ലിസി പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണ സ്ഥലത്ത് എത്തിയ ലിസിയെ കല്യാണി പ്രിയദർശൻ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ദൃശ്യങ്ങളും, പ്രിയദർശനുമായി തിരക്കഥ ചർച്ച ചെയ്യുന്ന നിമിഷങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ടിന് ശേഷമുള്ള ഈ കൂടിച്ചേരൽ സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ലിസി, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ പല ചിത്രങ്ങളുടെയും ഭാഗമായിരുന്നു. സമീപകാലത്തായി വിവിധ പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പുതിയ പരസ്യചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്ന പ്രിയദർശൻ-ലിസി കൂട്ടുകെട്ടിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കിക്കാണുന്നത്.