ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച പെയ്ത മഴ കടുത്ത ചൂടിനും ഈര്‍പ്പത്തിനും ആശ്വാസമേകിയെങ്കിലും വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ 10 ആഭ്യന്തര വിമാനങ്ങളും അഞ്ച് അന്താരാഷ്ട്ര വിമാനങ്ങളും ഉള്‍പ്പെടുന്നു. വിമാനത്താവള അധികൃതരുടെ വിവരമനുസരിച്ച്, ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും മൂലം വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫിനും വലിയ തടസമാണ് നേരിട്ടത്. വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്നൗവിലേക്കും മാറ്റുകയായിരുന്നു.
മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷം ഏറെ സുഖകരമായിട്ടുണ്ട്. ഉച്ചയോടെ താപനില 28 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയതും മിതമായതുമായ മഴ ലഭിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും രേഖപ്പെടുത്തി. വരും രണ്ട് ദിവസത്തിനുള്ളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. മണിക്കൂറില്‍ 10 മുതല്‍ 15 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയപ്പോള്‍ പാലം മേഖലയുള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 37 കിലോമീറ്റര്‍ വരെയായിരുന്നു.
അതിനിടെ, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ ഹരിയാന, പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജസ്ഥാനില്‍ അടുത്ത മൂന്ന് ദിവസം നേരിയതോ മിതമായതോ ആയ മഴയും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡി, സിര്‍മൗര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ചമ്പ, കാംഗ്ര ജില്ലകളില്‍ ചൊവ്വാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും മഴയും മണ്‍സൂണിന്റെ വ്യാപനവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.