കൊല്ലം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ തപോമയ ജീവിതവും സംഘടനാ ദർശനവും അടയാളപ്പെടുത്തുന്ന ‘നമ്മുടെ ആദർശം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തലവൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ദക്ഷിണ കേരള പ്രാന്തീയ പ്രചാരക ബൈഠക്കിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത്. സംഘത്തിന്റെ അഖില ഭാരതീയ പ്രചാരക് പ്രമുഖ് സാന്ത്വരഞ്ജൻ, മുതിർന്ന പ്രചാരകനായ സേതുമാധവന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. കുരുക്ഷേത്ര പ്രകാശൻ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഘ സ്ഥാപകനായ ഡോക്ടർജിയുടെ ജീവിതത്തെ നേരിൽ കണ്ടവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചവരുമായ ഒമ്പത് കാര്യകർത്താക്കളുടെ സ്മരണകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഡോക്ടർജിയുടെ മൗലിക ചിന്ത, വ്യക്തിത്വം, സംഘടനാ വീക്ഷണം, പ്രവർത്തന ശൈലി, സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നിവയെക്കുറിച്ചുള്ള അപൂർവമായ നേർകാഴ്ചകൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഗുരുജി ഗോൾവൽക്കറുടെ ചിന്തോദ്ദീപകമായ പ്രഭാഷണം പുസ്തകത്തിലെ ആദ്യ ലേഖനമായി ഉൾപ്പെടുത്തിയിരിക്കുന്നു.
‘ഹമാരാ ആദർശ്’ എന്ന ഹിന്ദി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ‘നമ്മുടെ ആദർശം’. പ്രാന്തീയ കാര്യകാരി അംഗമായ സന്തോഷ് ആണ് പുസ്തകത്തിന്റെ മലയാളം പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 106 പേജുകളുള്ള പുസ്തകത്തിന് 140 രൂപയാണ് വില. സംഘടനാ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഡോക്ടർജിയുടെ ജീവിതദർശനം അടുത്തറിയാൻ ഉപകരിക്കുന്ന കൃതിയാണിത്.