തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്നോപാർക്ക് ജീവനക്കാരുടെ ഫാൻ ലീഗ് പോരാട്ടം സമാപിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) പരാജയപ്പെടുത്തിയാണ് പ്രതിദ്ധ്വനി കിരീടം സ്വന്തമാക്കിയത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു.
കെ.സി.എല്ലിന് മുന്നോടിയായി ക്രിക്കറ്റ് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ വിവിധ കമ്പനികളിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിദ്ധ്വനി 10 ഓവറിൽ 79 റൺസ് നേടി. പ്രതിദ്ധ്വനിക്ക് വേണ്ടി ഒൻപത് പന്തുകളിൽ 23 റൺസെടുത്ത ആർ.ആർ. രാഹുലും 22 റൺസെടുത്ത വേണു ധോനിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇൻഫോസിസ് 8.4 ഓവറിൽ 51 റൺസിന് ഓൾഔട്ടായി.
ഇൻഫോസിസ് നിരയിൽ കാർത്തിക് മൂന്നും ഹരി ബീബ്സ്, വിവേക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പ്രതിദ്ധ്വനിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ.ജെ. മഹേഷും വി.വി. കണ്ണനുമാണ്. രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയ റാമുവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ഫൈനലിലെ താരമായി ആർ.ജെ. മഹേഷിനെ തിരഞ്ഞെടുത്തു. കൂടാതെ രാഹുൽ സി. മികച്ച ബൗളറായും, ശ്രീജേഷ് എസ്. മികച്ച ബാറ്ററായും, രാംരാജ് ആർ.ആർ. മോസ്റ്റ് വാല്യൂഡ് പ്ലേയറായും തിരഞ്ഞെടുക്കപ്പെട്ടു.