കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയുമായി കേരള ബാങ്ക് രംഗത്ത്. ‘ജെൻസി ടെക്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ മാസം 27-ന് കൊച്ചിയിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ലാപ്ടോപ്പ് വാങ്ങാൻ മാത്രമായി അനുവദിക്കുന്ന ഈ വായ്പ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങാൻ അനുവാദമില്ല.
30 മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 6.99 ശതമാനമാണ് പലിശ നിരക്ക്. വിദ്യാർത്ഥികൾ രക്ഷിതാക്കളുമായി ചേർന്നാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിന് പുറമെ ഒരു ബന്ധുവിന്റെ ജാമ്യം കൂടി ഇതിനായി ആവശ്യമാണ്. സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണ് അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നത്. കൂടാതെ, കേരള ബാങ്കിൽ നിന്ന് ഇതിനകം വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവർക്ക് ജെൻസി ടെക് ലോൺ എടുക്കുന്ന സാഹചര്യത്തിൽ പലിശയിൽ അര ശതമാനം ഇളവും ലഭിക്കും.
വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ട അപേക്ഷാ ഫോമിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോകളും കെവൈസി രേഖകളും സമർപ്പിക്കണം. തിരിച്ചറിയൽ രേഖകൾക്ക് പുറമെ കോളേജ് പ്രവേശന കത്ത്, കോഴ്സ് സർട്ടിഫിക്കറ്റ്, ലാപ്ടോപ്പിന്റെ ക്വട്ടേഷൻ, വിലവിവരങ്ങൾ, ഇൻവോയ്സ് തുടങ്ങിയ രേഖകളും ബാങ്കിൽ ഹാജരാക്കേണ്ടതുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് കേരള ബാങ്കിന്റെ അടുത്തുള്ള ശാഖകളുമായി ബന്ധപ്പെടാവുന്നതാണ്.