തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ യുവപ്രതിഭകളുടെ പോരാട്ടവേദിയാകാനൊരുങ്ങുന്നു. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളടക്കം നിരവധി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിലെ പ്രധാന ആകർഷണം. മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരുടെ പ്രകടനങ്ങളിലാണ് ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്നത്.
തൃശൂർ ടൈറ്റൻസാണ് മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ് എന്നീ യുവതാരങ്ങളെ അണിനിരത്തുന്നത്. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച കെ.ആർ. രോഹിതിനെ നിലനിർത്തിയ ടൈറ്റൻസ്, മറ്റു മൂന്നു താരങ്ങളെയും ടീമിലെത്തിക്കുകയായിരുന്നു. കേരള അണ്ടർ-19 ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്ണ, ശ്രീലങ്കൻ പര്യടനത്തിലെ സെഞ്ചുറി നേട്ടത്തിലൂടെയും രഞ്ജി ട്രോഫിയിലെ അരങ്ങേറ്റത്തിലൂടെയും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ലെഗ് സ്പിന്നറായ മുഹമ്മദ് ഇനാൻ ദേശീയ അണ്ടർ-19 ടീമിലും ലോകകപ്പ് സംഘത്തിലും ഭാഗമായി ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതിവേഗ ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ കെ.ആർ. രോഹിത് എൻഎസ്കെ ട്രോഫി ഫൈനലിലെ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ധാകേന്ദ്രമായത്. സ്ഥിരതയാർന്ന ബാറ്റിങ് പുറത്തെടുക്കുന്ന അമയ് മനോജ്, പഞ്ചാബിനെതിരായ സെഞ്ചുറിക്കു പുറമെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അണ്ടർ-19 ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം, കൊച്ചി ടീമിനായി മൂന്നാം സീസണിലും ഇറങ്ങുന്ന ജോബിൻ ജോബി ഓൾറൗണ്ട് മികവിലൂടെ ശ്രദ്ധേയനാണ്. കുച്ച് ബെഹാർ ട്രോഫിയിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റും ഒരേ മത്സരത്തിൽ സ്വന്തമാക്കിയ ജോബിൻ, ഫാസ്റ്റ് ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള താരമാണ്. യുവതാരങ്ങളുടെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനെ കൂടുതൽ ആവേശകരമാക്കുമെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തൽ.