ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ വിമാനയാത്ര ആഗ്രഹിക്കുന്നവർക്കായി പുതിയ ടിക്കറ്റ് വിഭാഗം അവതരിപ്പിച്ച് എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്കായി ‘ബേസിക് ഫെയർ’ എന്ന പേരിൽ പ്രത്യേക വിഭാഗമാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അധിക സേവനങ്ങൾ ആവശ്യമില്ലാത്ത യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
പുതിയ ബേസിക് ഫെയർ വിഭാഗത്തിൽ യാത്ര ചെയ്യുന്നവർക്ക് 15 കിലോഗ്രാം വരെ ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം വരെ കാബിൻ ബാഗേജും അനുവദിക്കും. യാത്രയ്ക്കിടെ സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കുമെങ്കിലും, സാധാരണ ഇക്കണോമി ടിക്കറ്റുകളിൽ ഉൾപ്പെടുന്ന സൗജന്യ ഭക്ഷണം ഈ വിഭാഗത്തിൽ ലഭ്യമാകില്ല. അതേസമയം, ഭക്ഷണം ആവശ്യമുള്ള യാത്രക്കാർക്കായി പ്രത്യേക സൗകര്യം കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനയാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ അധിക തുക നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജെയിൻ, ഡയബറ്റിക് ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വിമാന സമയത്തിൽ മാറ്റമുണ്ടായാൽ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണം അടുത്ത വിമാനത്തിലേക്ക് മാറ്റുകയോ, ലഭ്യമല്ലാത്ത സാഹചര്യത്തിൽ തുക തിരികെ നൽകുകയോ ചെയ്യും.
2024-ൽ അവതരിപ്പിച്ച വാല്യൂ, ക്ലാസിക്, ഫ്ലെക്സ് എന്നീ ഫെയർ കാറ്റഗറികൾക്ക് പുറമെയാണ് ഇപ്പോൾ ബേസിക് ഫെയറും നിലവിൽ വരുന്നത്. വ്യത്യസ്ത വിഭാഗം യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാ ശീലങ്ങളും പരിഗണിച്ചാണ് ഈ ഉപഭോക്തൃ സൗഹൃദ നടപടിയെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ എന്നിവ വഴി മാത്രമാണ് ഈ ടിക്കറ്റുകൾ ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതി യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.