കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാട്ടാളൻ’ എന്ന ചലച്ചിത്രം സെൻസർ ബോർഡിന്റെ അംഗീകാരം നേടി. ‘എ ഫോർ ആക്ഷൻ’ (A for Action) എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം എ സർട്ടിഫിക്കറ്റോടെയാണ് സെൻസർ പൂർത്തിയാക്കിയത്. ക്യൂബ്സ് എൻ്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മാർക്കോ എന്ന ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ച ക്യൂബ്സ് എൻ്റർടൈൻമെന്റ്, കാട്ടാളനിലൂടെയും ആവേശകരമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ സംഗീത സംവിധാന രംഗത്തെ പ്രമുഖനായ രവി ബ്രസൂർ, ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിവരാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കാൻ പോന്ന നിരവധി വഴിത്തിരിവുകളും ദൃശ്യവിസ്മയങ്ങളും ചിത്രത്തിലുടനീളം ഒരുക്കിയിട്ടുണ്ട്.
തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ബാക്കി ഭാഗങ്ങൾ ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. ക്യൂബ്സ് എൻ്റർടൈൻമെന്റ് നിർമ്മാണവും വിതരണവും നിർവഹിക്കുന്ന ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസ് ആണ്.