മസ്കറ്റ്: ഒമാനിലെ റുസൈലില്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് താഴേക്ക് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക ദാരുണമായി മരിച്ചു. തൃശൂര്‍ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലെ ജനലിലൂടെ അബദ്ധത്തില്‍ താഴേക്ക് വീണതായാണ് പ്രാഥമിക നിഗമനം. റുസൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പ്രദീപിന്റെ അടുത്തേക്ക് അടുത്തിടെയാണ് ഭാര്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. അപകടസമയത്ത് ദിവ്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്ക് പോയ സമയത്താണ് കുട്ടി ജനലിനരികിലെത്തി താഴേക്ക് വീണതെന്നാണ് വിവരം.
സംഭവമറിഞ്ഞ ഉടന്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മസ്കറ്റ് കെ.എം.സി.സി റുസൈല്‍ ഏരിയ കെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നിയമപരമായ കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.