ഇന്ത്യ: ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ ആദ്യ വൈദ്യുത എസ്യുവിയായ അര്‍ബന്‍ ക്രൂസര്‍ ഇബെല്ലയെ അവതരിപ്പിച്ച് ടൊയോട്ട. മോഡല്‍ വിപണിയിലെത്തില്ലെന്ന തരത്തില്‍ നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കമ്പനി 23.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് റദ്ദാക്കിയെന്നും ബുക്കിംഗ് തുക തിരിച്ചുനല്‍കുമെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിപണി പ്രവേശനം നടത്തിയിരിക്കുന്നത്.
നിലവില്‍ ഗ്രേഡ് E3 എന്ന സിംഗിള്‍ വേരിയന്റിനാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്. 61 kWh ബാറ്ററി കരുത്തില്‍ എത്തുന്ന ഈ പതിപ്പിന് ARAI സര്‍ട്ടിഫൈഡ് റേഞ്ച് പ്രകാരം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 543 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 49 kWh ബാറ്ററി ഓപ്ഷനിലും വാഹനം ലഭ്യമാണ്, ഇതിന് 440 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 174 bhp കരുത്തും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ മോട്ടോറാണ് ഈ ഇലക്ട്രിക് എസ്യുവിക്ക് ഊര്‍ജം പകരുന്നത്.
ഡിസൈനിലും ഫീച്ചറുകളിലും ടൊയോട്ടയുടെ തനത് ശൈലി പ്രകടമാണ്. 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, JBL സൗണ്ട് സിസ്റ്റം എന്നിവ അകത്തളത്തെ പ്രീമിയമാക്കുന്നു. സുരക്ഷയ്ക്കായി 7 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍-2 ADAS സാങ്കേതികവിദ്യ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 വര്‍ഷത്തെ ബാറ്ററി വാറന്റി, 500-ലധികം സര്‍വീസ് ടച്ച് പോയിന്റുകള്‍ എന്നിവ ടൊയോട്ട ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നുണ്ട്. ടാറ്റ, എംജി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നിലയുറപ്പിച്ച ഇന്ത്യന്‍ ഇലക്ട്രിക് എസ്യുവി വിപണിയില്‍ ശക്തമായ മല്‍സരം കാഴ്ചവെക്കാനാണ് ടൊയോട്ട ഒരുങ്ങുന്നത്.