മുംബൈ: ഇന്ത്യയിൽ നിർമിക്കുന്ന ജെഎസ്ഡബ്ല്യുവിന്റെ ആദ്യ ഇലക്ട്രിക് വാഹന മോഡൽ വിപണിയിലേക്കെത്തുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം കമ്പനിയുടെ രാജ്യത്തെ ആദ്യ തദ്ദേശീയ ബ്രാൻഡായിരിക്കും പുതിയ വാഹനം. സ്റ്റീൽ, സിമന്റ്, വൈദ്യുതി ഉൽപ്പാദനം എന്നീ മേഖലകളിൽ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജിൻഡാൽ ഗ്രൂപ്പ്, വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
ചൈനയിലെ എസ്എഐസി മോട്ടോർ കോർപ്പറേഷനും ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പുതിയ മോഡൽ വികസിപ്പിക്കുന്നത്. കൂടാതെ, പുതിയ കാലഘട്ടത്തിന് അനുയോജ്യമായ നൂതന വാഹനങ്ങൾ പുറത്തിറക്കുന്നതിനായി ചെറി ഓട്ടോമൊബൈൽ കമ്പനിയുമായി പ്രത്യേക പങ്കാളിത്തവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഈ പുതിയ മോഡൽ ജെഎസ്ഡബ്ല്യുവിന്റെ ഇവി വാഹന നിർമാണ ലക്ഷ്യങ്ങളിൽ നിർണായക പങ്ക് വഹിക്കും.
ഇലക്ട്രിക് വാഹന പദ്ധതികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് 8,000 കോടി രൂപയുടെ ധനസഹായം ജെഎസ്ഡബ്ല്യു ഇതിനകം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജെഎസ്ഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ സൗകര്യങ്ങൾക്കായിട്ടാണ് ഈ തുക വിനിയോഗിക്കുക. പത്തുവർഷത്തിലധികം കാലാവധിയുള്ളതാണ് ഈ വായ്പാ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജെഎസ്ഡബ്ല്യുവിന്റെ പ്രാദേശിക വാഹന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ ഫണ്ടിംഗ് വലിയ ഉത്തേജനം നൽകും. കൂടാതെ, ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന പദ്ധതികൾക്ക് ധനസഹായം നൽകാൻ ആഭ്യന്തര വായ്പാദാതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തൽ.