ടെക് ലോകം: ആപ്പിൾ, സാംസങ് തുടങ്ങിയ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് കനത്ത വെല്ലുവിളിയുമായി വിവോ തങ്ങളുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. വിവോ എക്സ് ഫോൾഡ് 6 എന്ന പുതിയ മോഡൽ മികച്ച സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് അവതരിപ്പിക്കുന്നത്. വിവോയുടെ എക്സ് ഫോൾഡ് 5-ന്റെ പിൻഗാമിയായി എത്തുന്ന ഈ മോഡലിൽ മീഡിയടെക്കുമായി ചേർന്ന് വികസിപ്പിച്ചെടുത്ത അത്യാധുനിക കസ്റ്റം ഡൈമെൻസിറ്റി 9500 ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മുൻഗാമിയിൽ നിന്നും 110 ശതമാനത്തിലധികം പ്രകടന മികവ് പുതിയ ചിപ്സെറ്റിന് അവകാശപ്പെടാനുണ്ട്.
ചൈനീസ് വിപണിയിൽ ആദ്യം പുറത്തിറങ്ങുന്ന ഈ മോഡലിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോൺ വിപണിയിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എഐ അധിഷ്ഠിത സവിശേഷതകൾക്ക് വലിയ പ്രാധാന്യമാണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. മികച്ച എഐ അനുഭവങ്ങൾക്കായി എഐ വോയ്സ് എഞ്ചിൻ, ഓഫ്ലൈൻ സ്പീച്ച് ട്രാൻസ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രാൻസ്ക്രിപ്ഷൻ വേഗതയിൽ 57 ശതമാനം വർധനവും, മൾട്ടിടാസ്ക്കിങ്ങിനായി പ്രത്യേക ആറ്റോമിക് വർക്ക്ബെഞ്ച് ഫീച്ചറും ഉപയോക്താക്കൾക്ക് ലഭിക്കും.
സാങ്കേതിക മികവിനൊപ്പം തന്നെ മികച്ച ഡിസ്പ്ലേ സൗകര്യങ്ങളും ഫോണിലുണ്ട്. ഏകദേശം 8 ഇഞ്ച് ഇന്നർ സ്ക്രീനും 6.51 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയുമാണ് ഈ ഫോൾഡബിൾ ഫോണിലുണ്ടാവുക. 200 മെഗാപിക്സൽ മെയിൻ ക്യാമറയും 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ദീർഘനേരം നിലനിൽക്കുന്ന 6,900 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള മോഡൽ 2026 മധ്യത്തോടെ വിപണിയിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഏകദേശം 1,59,999 രൂപയായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ വിപണി വില എന്ന് പ്രതീക്ഷിക്കുന്നു.