ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2026-ലെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് കയറ്റുമതി കൂപ്പുകുത്തിയിരിക്കുന്നത്. മെമ്മറി ചിപ്പുകളുടെ ലഭ്യതക്കുറവും വിലവര്‍ദ്ധനവുമാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തെയും വിപണിയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. എഐ ഡാറ്റാ സെന്ററുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന ഈ മെമ്മറി പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിപണിയിലെ ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 24 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയാണ് സാംസങ് മുന്നേറിയത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി, ഗാലക്സി എസ് 26 സീരീസിനുള്ള ശക്തമായ ഡിമാന്ഡിലൂടെയാണ് നേട്ടം കൊയ്തത്. ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, 20 ശതമാനം വിപണി വിഹിതവുമായി നേരിയ വളര്‍ച്ച കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചു. വിലവര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാത്ത ഒരേയൊരു പ്രമുഖ കമ്പനിയാണ് ആപ്പിള്‍ എന്നത് ശ്രദ്ധേയമാണ്. അതേസമയം, ചൈനീസ് വിപണിയില്‍ കമ്പനിക്ക് വലിയ തിരിച്ചടി നേരിട്ടു.
മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം എന്‍ട്രി-ലെവല്‍, മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനച്ചെലവിനെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇത് ഫോണുകളുടെ വില വര്‍ദ്ധിക്കാനും, ആവശ്യക്കാര്‍ കുറയാനും കാരണമായി. ഇതിനുപുറമെ, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണവിലയിലും ഷിപ്പിംഗ് ചെലവിലുമുണ്ടായ വര്‍ദ്ധനവും സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിന് വെല്ലുവിളിയായി. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പുതിയ ഫോണുകള്‍ വാങ്ങുന്നത് മാറ്റിവെക്കുകയോ പഴയ മോഡലുകളില്‍ തുടരാന്‍ തീരുമാനിക്കുകയോ ചെയ്യുന്നത് കയറ്റുമതി കുറയാന്‍ കാരണമായിട്ടുണ്ട്. 2026 വര്‍ഷം മുഴുവന്‍ വിപണിക്ക് കഠിനമായിരിക്കുമെന്നും, മെമ്മറി ക്ഷാമം 2027 വരെ നീണ്ടുനില്‍ക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാന്ദ്യത്തെ അതിജീവിക്കാന്‍ കുറഞ്ഞ ലാഭമുള്ള മോഡലുകള്‍ വെട്ടിക്കുറച്ചും, വോളിയത്തേക്കാള്‍ മൂല്യത്തിന് മുന്‍ഗണന നല്‍കിയും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് കമ്പനികളുടെ തീരുമാനം. എങ്കിലും, പ്രീമിയം ഫോണുകളുടെ വിപണിയില്‍ മികച്ച വളര്‍ച്ച തുടരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.