തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നായ ലളിതാംബിക അന്തര്‍ജനത്തിന്റെ ‘അഗ്നിസാക്ഷി’ നോവൽ പ്രസിദ്ധീകരിച്ചതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ വായനാദിനാചരണ പരിപാടികൾക്ക് തുടക്കമായി. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പൊതുയിട വായന ഉൾപ്പെടെയുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക പ്രവർത്തകൻ അജയദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. ലളിതാംബിക അന്തർജനത്തിന്റെ ഈ കൃതി കൂടുതൽ വായകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളിന് സമീപമുള്ള കവലകൾ, വീടുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നോവൽ പാരായണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അധ്യാപകരും വിദ്യാർഥികളും അറിയിച്ചു.
വായനാവാരാചരണത്തോടനുബന്ധിച്ച് ‘അഗ്നിസാക്ഷി’ സിനിമയുടെ പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചു. നോവലിലെ പ്രധാന ഭാഗങ്ങൾ റീലുകളായി അവതരിപ്പിക്കുക, ഓഡിയോ ബുക്ക് തയ്യാറാക്കുക തുടങ്ങിയ നൂതന പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ഹെഡ്മിസ്ട്രസ് മിനി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബിലു വി ബി മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കൺവീനർ സജുല എച്ച്, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി ആർ എന്നിവർ സംസാരിച്ചു. 1976-ൽ പ്രസിദ്ധീകരിച്ച ‘അഗ്നിസാക്ഷി’, കേരളീയ നവോത്ഥാന പശ്ചാത്തലത്തിൽ ഒരു അന്തർജനത്തിന്റെ ജീവിതയാത്രയും സാമൂഹിക മാറ്റങ്ങളും ആവിഷ്കരിക്കുന്ന മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ നോവലുകളിൽ ഒന്നാണ്.