ഉഡുപ്പി: അമ്മയുടെ മടിയിൽ കിടന്ന ഒന്നര വയസ്സുകാരന്റെ തലയിൽ തെങ്ങിൽ നിന്ന് തേങ്ങ വീണ് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലുള്ള ഹെരാഞ്ചെയിലാണ് ദാരുണമായ സംഭവം നടന്നത്. ഹെരാഞ്ചെ സ്വദേശികളായ പ്രശാന്ത് പൂജാരി-സുചിത്ര പൂജാരി ദമ്പതികളുടെ മകൻ ദക്ഷ് പൂജാരിയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.15-ഓടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള തെങ്ങിന് ചുവട്ടിൽ അമ്മ കുഞ്ഞിനെ മടിയിൽ കിടത്തിയിരിക്കുന്നതിനിടെ മുകളിൽ നിന്ന് തേങ്ങ അപ്രതീക്ഷിതമായി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മണിപ്പാൽ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സകൾ നൽകാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ദക്ഷ് പൂജാരിയെ കൂടാതെ ദമ്പതികൾക്ക് ദിയ എന്ന ആറുവയസ്സുകാരിയായ മറ്റൊരു മകൾ കൂടിയുണ്ട്. സംഭവത്തിൽ പ്രദേശവാസികൾ കടുത്ത ദുഃഖത്തിലാണ്.