തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പോലീസിൽ പരാതി നൽകി. ഡി ജി പിക്കും സൈബര്‍ പോലീസിനും നല്കിയ പരാതിയിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് ശിവപ്രസാദ് വിശദീകരിച്ചിരിക്കുന്നത്.
തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിന് തെളിവായി ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം പോലീസിന് കൈമാറി. വ്യക്തിപരമായ സത്പേരിനും സാമൂഹിക പ്രതിച്ഛായക്കും മങ്ങലേൽപ്പിക്കുന്ന രീതിയിൽ വ്യാജവും മാനഹാനിയുണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വ്യാജ പോസ്റ്റർ നിർമ്മിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് താൻ വിജയിച്ചതെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നതായും ശിവപ്രസാദ് ആരോപിച്ചു. ഈ സംഭവത്തിൽ ആലപ്പുഴ ജില്ലാ പോലീസ് സൈബർ ക്രൈം വിഭാഗത്തിൽ രണ്ട് പരാതികളാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.