ന്യൂഡൽഹി: പൂർവികർ ഉപേക്ഷിച്ചുപോയതോ കാലപ്പഴക്കം മൂലം ശ്രദ്ധിക്കപ്പെടാതെ പോയതോ ആയ ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ പുതിയ പോർട്ടൽ സജ്ജമാക്കി. സാമ്പത്തിക ആസ്തികൾ വീണ്ടെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന്റെ ഭാഗമായി ‘യുവർ മണി, യുവർ റൈറ്റ്’ എന്ന പേരിലുള്ള പ്രത്യേക കാമ്പെയ്നും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ബാങ്കുകളിൽ പ്രവർത്തനരഹിതമായി കിടക്കുന്നതോ അല്ലെങ്കിൽ അവകാശികൾ ക്ലെയിം ചെയ്യാതെ കിടക്കുന്നതോ ആയ നിക്ഷേപങ്ങൾ ഈ പോർട്ടൽ വഴി പരിശോധിക്കാം. പഴക്കമേറിയ സേവിങ്സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ (FD), റെക്കറിങ് നിക്ഷേപങ്ങൾ (RD) എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവഴി ലഭിക്കും. കൂടാതെ, വ്യക്തികൾക്ക് തങ്ങളുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഓഹരികൾ എന്നിവയും കണ്ടെത്താൻ സാധിക്കും.
നിക്ഷേപങ്ങൾ കണ്ടെത്താനായി https://www.unclaimedassetsportal.in എന്ന വെബ്സൈറ്റാണ് പ്രയോജനപ്പെടുത്തേണ്ടത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സുതാര്യമായി ഇത്തരം സാമ്പത്തിക ആസ്തികൾ കണ്ടെത്താൻ പോർട്ടൽ ഉപയോക്താക്കളെ അനുവദിക്കുന്നു. നിക്ഷേപങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനും പണം വീണ്ടെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഈ സംരംഭം വലിയ തോതിൽ സഹായിക്കും.