ന്യൂഡൽഹി: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായുള്ള വരാനിരിക്കുന്ന ടി20 പരമ്പരകളിൽ ഇന്ത്യൻ ടീമിന് പുതിയ നായകൻ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിക്കാൻ സെലക്ടർമാർ ആലോചിക്കുന്നതായാണ് വിവരം. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി സ്ഥാനത്തിന് ഇതോടെ മാറ്റം വരാനാണ് സാധ്യത.
ഈ വർഷം ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയെങ്കിലും സമീപകാലത്തായി ബാറ്റിങ്ങിൽ സ്ഥിരത കണ്ടെത്താൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഐപിഎൽ 2026-ലും താരത്തിന്റെ ഫോം മോശമായിരുന്നു. മുംബൈ ഇന്ത്യൻസിനായി 13 മത്സരങ്ങളിൽ നിന്ന് 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. ടീം പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത രണ്ട് ടി20 ലോകകപ്പുകൾ കൂടി ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ നയിക്കാൻ കഴിയുന്ന ഒരു നായകനെ കണ്ടെത്താനാണ് സെലക്ടർമാരുടെ ശ്രമം.
പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്നതിന് മുൻപ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ചകൾ നടക്കും. ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ കൂടാതെ തിലക് വർമ്മ, ഇഷാൻ കിഷൻ എന്നീ യുവതാരങ്ങളും പരിഗണനയിലുണ്ട്. ശ്രേയസ് അയ്യർ ക്യാപ്റ്റനാവുകയാണെങ്കിൽ തിലക് വർമ്മയോ ഇഷാൻ കിഷനോ വൈസ് ക്യാപ്റ്റനായേക്കും. അതേസമയം, ജൂൺ 26-ന് ആരംഭിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടി20 പരമ്പരകളിൽ, ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താനും സെലക്ടർമാർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ 776 റൺസ് അടിച്ചുകൂട്ടിയ താരം ശ്രദ്ധേയമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.