ആലുവ: തപസ്യ കലാസാഹിത്യവേദിയുടെ സുവർണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ജൂൺ 5, 6 തീയതികളിൽ ആലുവ വൈഎംസിഎയിൽ അക്ഷരോത്സവം സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ, കവികൾ, കലാകാരന്മാർ, സഹൃദയർ എന്നിവർ ഒത്തുചേരുന്ന ഈ സാഹിത്യ സംഗമത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും ചർച്ചകളും അരങ്ങേറും.
ജൂൺ 5-ന് രാവിലെ 9.30-ന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ അക്ഷരോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാഹിത്യ ചർച്ചയിൽ ‘സത്യാനന്തര കാലം സത്യമോ മിഥ്യയോ’ എന്ന വിഷയത്തിൽ എ.പി. അഹമ്മദ്, കെ.എൻ. ഷാജി, വി. സുജാത, പി. ശിവപ്രസാദ്, ജി. അമൃതരാജ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം 2.30-ന് നടക്കുന്ന കവിയരങ്ങ് കവി ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കല്ലറ അജയൻ, വേണു വി. ദേശം, വി.കെ. സുധാകരൻ, രാധ മീര, ശിവൻ മുപ്പത്തടം തുടങ്ങിയവർ കവിതകൾ അവതരിപ്പിക്കും. ജൂൺ 6-ന് രാവിലെ 9.30-ന് നടക്കുന്ന സ്മൃതി സദസ്സിൽ മലയാള സാഹിത്യത്തിലെ പ്രമുഖരെ അനുസ്മരിക്കും. തുടർന്ന് നടക്കുന്ന എഴുത്തുകാരുടെ സംഗമം നിരൂപകൻ ആഷാ മേനോൻ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം ജൂൺ 6 വൈകിട്ട് 2.30-ന് ആരംഭിക്കും. ചടങ്ങിൽ വിവിധ കലാമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. പൗളി വിൽസൻ, എടനാട് രാജൻ നമ്പ്യാർ, ലക്ഷ്മി എസ്. മേനോൻ, കലാമണ്ഡലം ശങ്കര വാര്യർ, വെച്ചൂർ രമാദേവി, രഞ്ജിനി സുരേഷ്, ഗോപീകൃഷ്ണൻ തമ്പുരാൻ, പി. അംബുജാക്ഷി, ശാന്തകുമാരി തുടങ്ങിയവർ ആദരം ഏറ്റുവാങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അക്ഷരോത്സവത്തിൽ കാവ്യകേളി, സോപാനസംഗീതം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി സാംസ്കാരിക പ്രാധാന്യമുള്ള ഒട്ടേറെ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.