ചൊവ്വന്നൂർ: ചൊവ്വന്നൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശവാസികളായ മൂന്ന് പേരെ ആക്രമിച്ചതിന് പിന്നാലെ നായ ചാവുകയും ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്.
വിളക്കുംതറ സ്വദേശി രാജീവിന്റെ ഭാര്യ സൗമ്യ, മീമ്പികുളം കണ്ടിരുത്തി വീട്ടിൽ സുരേഷ് (56), വിളക്കുംതറ സ്വദേശി വിജീഷ് (48) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയുടെ ആക്രമണത്തിന് ഇരയായവർ അടിയന്തരമായി ചികിത്സയും മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്റെ രണ്ടാം ഡോസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം. നിലവിലെ സാഹചര്യത്തിൽ ആശങ്ക വേണ്ടെങ്കിലും, പരിക്കേറ്റവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം തുടർചികിത്സ കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.