തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അപകടം സംഭവിച്ചത്.
ആശുപത്രിയുടെ കാർ പാർക്കിംഗ് ഏരിയയിലൂടെ നടന്നുപോകുന്നതിനിടെയാണ് കാലിൽ പാമ്പുകടിയേറ്റത്. ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെ പ്രത്യേക ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി.
വിഷബാധയേറ്റ ഡോക്ടറുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് കാമ്പസിൽ കാടുകയറിയും മാലിന്യങ്ങൾ അടിഞ്ഞുകൂടിയും കിടക്കുന്നത് മൂലം പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നതായി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. ഇതിന് പരിഹാരമായി കാമ്പസ് വൃത്തിയാക്കാനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.