റിയൽ എസ്റ്റേറ്റ് മേഖലയിൽ ഫാം ഹൗസുകൾക്ക് പ്രിയമേറുന്നു. നഗരങ്ങളിലെ ആഡംബര ഫ്ലാറ്റുകളോടുള്ള താൽപര്യം കുറയുന്ന പ്രവണത പലയിടത്തും കണ്ടുവരുന്നു. കോവിഡ് കാലത്താണ് ഇതിന് തുടക്കമിട്ടതെങ്കിലും ഇന്ന് റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇതൊരു സ്ഥിരം നിക്ഷേപ ശൈലിയായി മാറിക്കഴിഞ്ഞു. കോൺക്രീറ്റ് കാടുകൾക്ക് പകരം ആവശ്യത്തിന് സ്ഥലവും സ്വകാര്യതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതവും ആഗ്രഹിക്കുന്നവർ പ്രകൃതിരമണീയമായ എസ്റ്റേറ്റുകൾ തേടിപ്പോകുന്നു.
വാരാന്ത്യ വിശ്രമകേന്ദ്രങ്ങൾ എന്നതിലുപരി ഫാം ഹൗസുകളെ സ്ഥിര താമസത്തിനുള്ള പ്രൈമറി ഹോമുകളായും അടുത്ത തലമുറയ്ക്കുള്ള ആസ്തിയായുമാണ് പലരും കാണുന്നത്. കാര്ഷിക പരിപാലനം, സുരക്ഷ, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം പ്രൊഫഷണൽ ഏജൻസികൾ നോക്കിനടത്തുന്ന ‘മാനേജ്ഡ് ഫാംഹൗസ്’ ഗേറ്റഡ് കമ്മ്യൂണിറ്റികളുടെ വരവ് ഈ മാറ്റത്തിന് വേഗം കൂട്ടി. ഗ്രാമീണ മേഖലകളിൽ ഭൂമി വാങ്ങി നേരിട്ട് അനുഭവിക്കേണ്ടിവരുന്ന തലവേദനകളും നിയമപ്രശ്നങ്ങളുമില്ലാതെ ഉടമകൾക്ക് ലക്ഷ്വറി ലൈഫ്സ്റ്റൈൽ ആസ്വദിക്കാൻ ഇത് അവസരമൊരുക്കുന്നു.
നഗരത്തിലെ വിപണികളേക്കാൾ സാമ്പത്തിക ലാഭം പ്രാന്തപ്രദേശങ്ങളിലെ ഭൂമി നിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ട്. പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമെന്നതിനൊപ്പം വലിയ മൂലധന വളർച്ചയും ഇത്തരം പ്രോപ്പർട്ടികൾ ഉറപ്പുനൽകുന്നു. നഗര സൗന്ദര്യശാസ്ത്രവും അത്യാധുനിക ഹൈടെക് സൗകര്യങ്ങളും ഒത്തുചേരുമ്പോൾ സോളാർ ഗ്രിഡുകൾ, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, ജൈവ അടുക്കളത്തോട്ടങ്ങൾ, ഹൈ-സ്പീഡ് ഫൈബർ-ഒപ്റ്റിക് കണക്റ്റിവിറ്റി, സ്മാർട്ട് ഹോം ഓട്ടോമേഷൻ എന്നിവയെല്ലാം ഫാം ഹൗസുകളിൽ ലഭ്യമാണ്. നഗരങ്ങളുടെ അതിരുകൾ അതിവേഗം വ്യാപിക്കുന്നതോടെ നഗര സൗകര്യങ്ങളും ഗ്രാമീണ ശാന്തതയും തമ്മിലുള്ള അകലം കുറയുന്നു.