പോർട്ട്ലാൻഡ്:
റോയൽ എൻഫീൽഡ് RSD റീലോഡ് 650 ക്ലാസിക് ബുള്ളറ്റ് സ്റ്റൈലിൽ പുതിയ കസ്റ്റം ബൈക്ക് പുറത്തിറങ്ങി. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോഡലിനെ അടിസ്ഥാനമാക്കി പ്രശസ്ത ഡിസൈനർ റോളണ്ട് സാൻഡ്സ് ഡിസൈൻ രൂപകൽപ്പന ചെയ്ത ‘RSD Reload 650’ ആണ് ബൈക്ക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പഴയ ബുള്ളറ്റ് മോഡലുകളുടെ ഓർമ്മകൾ ഉണർത്തുന്ന റെട്രോ സ്റ്റൈലിംഗും ആധുനിക പ്രകടനവും ഇതിന്റെ പ്രത്യേകതയാണ്.
അമേരിക്കയിലെ പോർട്ട്ലാൻഡ് നഗരത്തിൽ നടന്ന വൺ മോട്ടോർസൈക്കിൾ ഷോയിലാണ് RSD Reload 650 ആദ്യമായി പ്രദർശിപ്പിച്ചത്. 2009 മുതൽ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ഷോയിൽ ലോകമെമ്പാടുമുള്ള വ്യത്യസ്ത കസ്റ്റം ബൈക്ക് ഡിസൈനുകൾ അവതരിപ്പിക്കാറുണ്ട്. കറുപ്പും സ്വർണ്ണവും ചേർന്ന നിറങ്ങളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 1980-കളിലെ AMA റേസിംഗ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബൈക്കിന്റെ ഡിസൈൻ.
RSD Reload 650-ൽ നിരവധി കസ്റ്റം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആംഗിൾഡ് റിയർ ബോഡിവർക്ക്, സിംഗിൾ ഗൺഫൈറ്റർ-സ്റ്റൈൽ സീറ്റ് എന്നിവ ഇതിന് കൂടുതൽ ആകർഷകത്വം നൽകുന്നു. വീതിയേറിയ ഹാൻഡിൽബാറുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ സുഖകരമായ റൈഡിംഗ് അനുഭവം ലഭിക്കുന്നു. കസ്റ്റം ഫുട്പെഗുകൾ, ഷിഫ്റ്റ് ലിവറുകൾ, S&S ടു-ഇൻ-വൺ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ ബൈക്കിന്റെ പ്രകടനവും ശബ്ദവും മെച്ചപ്പെടുത്തുന്നു.