കേരളം: കേരളത്തിൽ മക്കഡാമിയ കൃഷി പുതിയ കാർഷിക സാധ്യതയായി ഉയർന്നു വരുന്നു. കിലോയ്ക്ക് നാലായിരം രൂപ വരെ വിപണി വില ലഭിക്കുന്ന ഈ വിദേശ നട്ട് വിള, ഉയർന്ന പോഷകഗുണവും പ്രീമിയം ഡിമാൻഡും കാരണം കർഷകരുടെ ശ്രദ്ധയാകർഷിക്കുന്നു.
വെണ്ണയുടെ രുചിയും ആരോഗ്യഗുണങ്ങളുമുള്ള മക്കഡാമിയ “ഫലവർഗങ്ങളുടെ റാണി” എന്നറിയപ്പെടുന്നു. ലോക വിപണിയിൽ വലിയ ആവശ്യകതയുള്ള ഈ വിള ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കർണാടക, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലും ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
കേരളത്തിലെ കാലാവസ്ഥയും മണ്ണും മക്കഡാമിയ കൃഷിക്ക് അനുയോജ്യമാണെന്ന വിലയിരുത്തൽ കർഷകർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ സ്ഥിരമായ വിപണിയും വിപണന സംവിധാനങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ വ്യാപക കൃഷിയിലേക്ക് കടക്കാവൂ എന്ന് കാർഷിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.