പാലക്കാട്: തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര സ്വദേശി നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിനിടെ തേളിന്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വ്യാഴാഴ്ച രാത്രി 12 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന മുറിക്ക് സമീപത്തുനിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക സ്ഥിരീകരണം. ആന്തരികാവയവങ്ങളുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.