കൊച്ചി: ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിസ്സാൻ പട്രോൾ വാഹനമാണ് കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന് പിടിച്ചെടുത്തത്. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണിത്.
കേസിൽ ദുൽഖർ സൽമാന്റെയും, അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ നടത്തിയിരുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.