കൊല്ലം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കൊല്ലം ചിറക്കരയിൽ വിദ്യാർത്ഥി ജീവനൊടുക്കി. ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് (17) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പരീക്ഷയിൽ ഒരു വിഷയത്തിന് പരാജയപ്പെട്ടതിലുള്ള വിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പ്രജൂബ്. ബുധനാഴ്ച സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. ഫലം അറിഞ്ഞതിന് ശേഷം കിടപ്പുമുറിയിലേക്ക് പോയ പ്രജൂബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിലും നാട്ടിലും ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു പ്രജൂബ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.