ഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് മൂഡീസ് അറിയിച്ചു. 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 6 ശതമാനമായി കുറച്ചു. വർധിച്ചുവരുന്ന ഊർജ്ജ ചെലവുകളും ആഗോള അനിശ്ചിതത്വവും ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും എൽഎൻജിയെയും വളരെയധികം ആശ്രയിക്കുന്നതിനാൽ നിലവിലെ സംഘർഷം രാജ്യത്തെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉപഭോഗം കുറയുന്നതും ഉയർന്ന ഊർജ്ജ ചെലവുകളും രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ ചുരുക്കുമെന്നും മൂഡീസ് പറയുന്നു.
ഇന്ത്യയുടെ 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 0.8 ശതമാനമാണ് കുറച്ചത്. ഊർജ്ജ മേഖലയിൽ കനത്ത പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ഇന്ത്യയുടെ വളർച്ച ഏകദേശം 0.8 ശതമാനം വരെ കുറയാമെന്നാണ് കണക്കാക്കുന്നത്. 2027 ലും വളർച്ച കുറയുമെന്നും അവർ പ്രവചിക്കുന്നു. എണ്ണ, വാതക വില വർദ്ധനവ് പണപ്പെരുപ്പം ഉയർത്താൻ ഇടയാക്കും. ഊർജ്ജ വിതരണം സാധാരണ ഗതിയിലാകുമ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.